യോഹന്നാന്‍ പറഞ്ഞു: ഗുരോ, നിന്‍റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുന്ന ഒരാളെ ഞങ്ങള്‍ കണ്ടു. അവന്‍ ഞങ്ങളോടൊപ്പം നിന്നെ അനുഗമിക്കാത്തതുകൊണ്ട് ഞങ്ങള്‍ അവനെ തടഞ്ഞു. യേശു പറഞ്ഞു: അവനെ തടയേണ്ടാ, എന്തെന്നാല്‍, നിങ്ങള്‍ക്ക് എതിരല്ലാത്തവന്‍ നിങ്ങളുടെ ഭാഗത്താണ്.
[ ലൂക്കാ 9 : 49-50 ]
ഇവിടെ ശ്രദ്ദിക്കേണ്ട വസ്തുത എന്തെന്നാൽ, കർത്താവായ ഈശോ മിശിഹാ 'അവനെ തടയേണ്ടാ' എന്ന് ഇവിടെ നൽകുന്ന നിർദ്ദേശം 'നിങ്ങള്‍ക്ക് എതിരല്ലാത്തവന്‍ നിങ്ങളുടെ ഭാഗത്താണ്' എന്ന് ഉദ്ബോധിപ്പിച്ചുകൊണ്ടാണ് എന്നതാണ്. ഇനി ചിന്തിക്കുക, പ്രൊട്ടസ്റ്റന്റ് മതക്കാർ നിങ്ങൾക്ക്, നിങ്ങളുടെ മാതാവായ പരിശുദ്ധ കത്തോലിക്കാ സഭക്ക്, ഏറ്റവും ഉപരിയായി കർത്താവായ ഈശോ മിശിഹായ്ക്ക് എതിരാണോ എന്നതാണ്. നമുക്ക് എതിരായവരുമായി നമുക്ക് എന്ത് ബന്ധമാണ് ഉള്ളത്. പെന്തക്കോസ് മതക്കാരെ ക്രിസ്ത്യാനികളായി കാണുകയും, ക്രൈസ്തവരുടെ സാമൂഹികവും സമുദായപരവും സഭാപരവുമായ സമ്മേളങ്ങളിലും കെട്ടിയെഴുന്നള്ളിക്കുകയും, കോട്ടയം ക്രിസ്റ്റീൻ പോലുള്ള ധ്യാനകേന്ദ്രങ്ങളിലും അതിലുപരിയായി ഷെകൈന പോലുള്ള ചാനലുകളിലും എന്തിന് വചനവേദികളിൽ പോലും പ്രഭാഷണം നൽകുവാൻ, അത് എന്തിന്റെ പേരിലായാൽ പോലും, വേദിയൊരുക്കുകയും ചെയ്യുന്നതും, അതിലെല്ലാം ഉപരിയായി വിവാഹ വിരുന്നിന്റെ ഉപമയിലെ വിളിക്കപ്പെട്ടവർക്ക് പകരമായി വഴിയരികിൽ നിന്നും വിരുന്നിന് വന്നു ചേരുന്ന ജനമായി ദുർവ്യാഖ്യാനിക്കുകയും ചെയ്യുന്ന പ്രവണത പൂർണ്ണമായും തുടച്ചു മാറ്റപ്പെടേണ്ടത് തന്നെ.